ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ നിർത്തിവയ്‌ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ടീമുകൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അതിർത്തിയിൽ സംഘർഷം കനത്ത സാഹചര്യത്തിലാണ് തീരുമാനം.
ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. അപ്പോൾ മുതൽ ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തിവയ്‌ക്കാൻ ആലോചനയുണ്ടായിരുന്നു.
രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഐപിഎൽ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
‘ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. കളിക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാൽ ടൂർണമെന്റ് തൽക്കാലം നിർത്തുന്നു. ശേഷിക്കുന്ന മത്സരങ്ങൾ നടത്താനാകുമോ എന്നും എന്നു നടത്താനാകുമെന്നും പിന്നീട് പരിശോധിക്കും. തൽക്കാലം രാജ്യതാൽപര്യത്തിനാണ് പ്രാധാന്യം’ ബിസിസിഐ പറഞ്ഞു