മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല പരിപാടി മാറ്റി വച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തി രണ്ടു കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.
49 സമ്പർക്ക കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 6 പേർക്ക് ചെറിയ രീതിയിൽ ലക്ഷണമുണ്ട്. ഇവരുടെ സാമ്പിൾ ശേഖരിച്ചു.45 പേർ ഹൈറിസ്ക് പട്ടികയിലുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് സമ്പർക്ക പട്ടിക പുനർ രൂപീകരിക്കും. ലക്ഷണങ്ങൾ ഉള്ള 5 പേർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രാഥമിക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രോഗിയുടെ റൂട്ട് മാപ്പ് കണക്കാക്കിയത്.അസ്വാഭാവിക കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരില്‍ 12 പേർ കുടുംബാംഗങ്ങളാണ്
മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണമെന്നും 2 പഞ്ചായത്തുകളിലും 1 വാർഡിലും നിയന്ത്രണം ഉണ്ടെന്നും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം സ്ഥിരീകരിച്ചു.
നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42 കാരി വീട്ടിൽ നിന്നു അധികം പുറത്തു പോകാത്ത വ്യക്തിയെന്നു ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്നു പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും, മറാക്കര, എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. ഉറവിടത്തെ കുറിച്ചു വ്യക്തമായ വിവരമില്ല. ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ട 7 പേരുടെ സാമ്പിൾ പരിശോധിച്ചു. ഏഴും നെഗറ്റീവാണ്- മന്ത്രി കൂട്ടിച്ചേർത്തു.















