തിരുവനന്തപുരം: കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന റാപ്പർ വേടന്റെ(ഹിരൺ ദാസ് മുരളി) പരിപാടി റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പരിപാടിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.
വയലിലാണ് സ്റ്റേജ് കെട്ടിയിരുന്നത്. വയലിലെയും റോഡിലെയും തിരക്ക് പൊലീസിന് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. പരിപാടിക്കായി സ്റ്റേജ് കെട്ടുന്നതിനിടെ ഒരു ടെക്നീഷ്യൻ മരിച്ചിരുന്നു. എന്നാൽ ഇക്കാര്യം സംഘാടകർ മറച്ചുവച്ചു. ആളുകൾ കൂട്ടത്തോടെ എത്തിയതിന് പിന്നാലെ ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നാണ് പരിപാടി റദ്ദാക്കിയത്. സംഘാടകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
സ്റ്റേജ് കെട്ടുന്നതിന്റെ ഭാഗമായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ആറ്റിങ്ങൽ കോരാണി സ്വദേശിയായ ലിജുവാണ് മരിച്ചത്. കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.















