വാഷിംഗ്ടണ്‍: യുഎസ് യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിനെത്തുടര്‍ന്ന് വിപണി വികാരം മെച്ചപ്പെട്ടതോടെ ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും 100,000 ഡോളര്‍ കടന്നു. പ്രസിഡന്റ് ട്രംപും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുമെന്ന് സൂചനയാണ് യുഎസ്-യുകെ വ്യാപാര കരാര്‍ നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍, കഴിഞ്ഞ ദിവസത്തേക്കാള്‍ 3.73% മൂല്യ വര്‍ധനയോടെ 103,236.27 ഡോളറിലെത്തി. കഴിഞ്ഞമാസം ഒന്‍പതാം തിയതി 76900 ഡോളറായിരുന്നു ബിറ്റ്‌കോയിന്റെ വില. 27000 ഡോളറിന്റെ വര്‍ധനയാണ് ഒരു മാസം കൊണ്ട് മൂല്യത്തിലുണ്ടായിരിക്കുന്നത്.
മറ്റ് ക്രിപ്‌റ്റോ കറന്‍സികളും ശക്തം
മറ്റ് ക്രിപ്‌റ്റോ കറന്‍സികളും ശക്തമായി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ കുതിച്ച എഥേറിയം 16.20% ഉയര്‍ന്ന് ഇപ്പോള്‍ 2,342.69 ഡോളറില്‍ എത്തി. ക്രിപ്‌റ്റോ കറന്‍സികളായ സൊലാന, എക്‌സ്ആര്‍പി, കാര്‍ഡാനോ, സ്റ്റെല്ലാര്‍, ചെയിന്‍ലിങ്ക് തുടങ്ങിയ കോയിനുകളും ശക്തമായ നേട്ടം കൈവരിച്ചു. ഈ കോയിനുകളുടെ മൂല്യം കഴിഞ്ഞ ദിവസത്തേക്കാള്‍ 7 ശതമാനത്തിലേറെ ഉയര്‍ന്നു.
ഒരു ലക്ഷം എന്ന പ്രതിരോധം ഭേദിച്ചതോടെ ബിറ്റ്‌കോയിന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. 2 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനം തിരിച്ചുപിടിച്ച് ആമസോണിനെ മറികടന്ന് ബിറ്റ്‌കോയിന്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ ആസ്തിയായി മാറിയിട്ടുണ്ട്. എഥേറിയം ആകട്ടെ 20% ത്തിലധികം കുതിച്ചുചാട്ടത്തോടെ 2,200 ഡോളര്‍ എന്ന നിര്‍ണായക പ്രതിരോധത്തിന് മുകളിലേക്കെത്തി. സൊലാനോയും 160 ഡോളര്‍ എന്ന പ്രതിരോധം ഭേദിച്ചു.