പാലക്കാട്: സിപിഎം മുൻ നേതാവും കെ എസ് യു മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. സിപിഎം ഒറ്റപ്പാലം മുൻ ഏരിയ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രെസിഡന്റുമായിരുന്ന കെ കെ കുഞ്ഞനാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
സിപിഐഎം ലോക്കൽ കമ്മറ്റി അംഗമായിരിക്കെയാണ് കുഞ്ഞൻ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കെ എസ് യു മുൻ സംസ്ഥാന സെക്രട്ടറി കൈലാസ് നാഥ് മേനോനും ബിജെപിയിൽ ചേർന്നു. ബി.ജെ.പി പാലക്കാട് വെസ്റ്റ് കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ വേദിയിൽ വെച്ചായിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശം. സി.പി.എമ്മിൽനിന്ന് നേരിട്ട അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് കുഞ്ഞൻ പറഞ്ഞു. ഒരു ഘട്ടത്തിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാനും ശ്രമം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കോൺഗ്രസ് നേതാവ് മോഹൻദാസ്, NSS ഒറ്റപ്പാലം കരയോഗം മെമ്പർ രാജഗോപാൽ, വടക്കഞ്ചേരിയിലെ പ്രമുഖ വ്യവസായി റെജി തൊപ്പിൽ എന്നിവരും ബിജെപി പാലക്കാട് വെസ്റ്റ് ജില്ലയിൽ നടന്ന വികസിത കേരളം കൺവൻഷൻ വേദിയിൽ വച്ച് ബിജെപിയിൽ ചേർന്നു.