മെൽബൺ: ലഹരി ഇടപാട് കേസിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തെ ശിക്ഷിച്ച് കോടതി. കൊക്കൈൻ ഇടപാട് കേസിലാണ് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ സ്റ്റുവർട്ട് മാക്ക്ഗിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സ്റ്റുവർട്ടിന് ജയിൽ ശിക്ഷ ലഭിച്ചില്ലെങ്കിലും താരം 22 മാസത്തെ തെറ്റ് തിരുത്തൽ നടപടി ക്രമങ്ങൾ അനുസരിക്കണം. മാത്രമല്ല 495 മണിക്കൂർ സാമൂഹ്യ സേവനം ചെയ്യണമെന്നും കോടതി വിധിച്ചു.
54 കാരനായ മാക്ഗിൽ ഡീലറും തന്റെ അളിയനും തമ്മിലുള്ള ലഹരി ഇടപാടിന് സൗകര്യമൊരുക്കി നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ ലഹരി ഇടപാടിൽ ഉൾപെട്ടിട്ടുണ്ടെങ്കിലും മയക്കുമരുന്ന് വിതരണത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയതോടെയാണ് ജയിൽ ശിക്ഷ നൽകുന്നതിൽ നിന്ന് താരത്തെ ഒഴിവാക്കിയത്. 2021 ൽ ലഹരിക്കടത്ത് സംഘം താരത്തെ തട്ടിക്കൊണ്ടുപോയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് 2023 ൽ അറസ്റ്റിലാവുന്നവരെ സ്റ്റുവർട്ട് മാക്ക്ഗിൽ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
1998 മുതൽ -2008 വരെയുള്ള കാലയളവിൽ ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മാക്ഗിൽ 208 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. 1998-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 1998-99 ആഷസ് പരമ്പര ഉൾപ്പെടെ നിരവധി പരമ്പരകളിൽ ഓസ്‌ട്രേലിയയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.















