ഇസ്‌ലാമാബാദ്: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും പ്രോകപനപരമായ പ്രസ്താവനയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. മദ്രസകളിൽ ചേരുന്ന വിദ്യാർത്ഥികളെ രാജ്യത്തിന്റെ “രണ്ടാം പ്രതിരോധ നിര” എന്നാണ് പാക് മന്ത്രി വിശേഷിപ്പിച്ചത്. അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ഖ്വാജ ആസിഫിന്റെ പ്രഖ്യാപനം.
“മദ്രസകളെയോ മദ്രസ വിദ്യാർത്ഥികളെയോ സംബന്ധിച്ചിടത്തോളം, അവർ നമ്മുടെ രണ്ടാം നിര പ്രതിരോധമാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ, സമയമാകുമ്പോൾ, ആവശ്യാനുസരണം 100 ശതമാനവും ഉപയോഗിക്കും,”ഖ്വാജ ആസിഫ് പറഞ്ഞു.
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യതയാർന്ന പ്രത്യാക്രമണം നടത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് പാക് പ്രതിരോധമന്ത്രിയുട പ്രസ്താവന. പാകിസ്താനിലെ മതപഠനകേന്ദ്രങ്ങളുടെയും ഭീകര ശൃഖലകളുടെയും ഇഴചേർന്ന ബന്ധം പുറത്തുകൊണ്ടുവരുന്നതാണ് പ്രഖ്യാപനം. ഖ്വാജ ആസിഫ് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. നേരത്തെ പാക് പട്ടാളത്തിന്റെ അവകാശവാദങ്ങൾക്ക് നേർവിപരീതമായി നിലപാടുകൾ സ്വീകരിച്ച് മന്ത്രി കുഴങ്ങിയിട്ടുണ്ട്.















