ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതിന് ശേഷവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യ. ഇന്നലെ രാത്രിയും പാക് സൈന്യം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. കശ്മീരിന് സമീപത്തായി ഡ്രോണുകൾ കണ്ടെത്തുകയും സ്ഫോടനം നടത്തിന്റെയും പശ്ചാത്തലത്തിലാണ് സ്ഥിരീകരണം. പാകിസ്താന്റെ തുടർച്ചയായുള്ള പ്രകോപനപരമായ നടപടിക്ക് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയിലെത്തിയിട്ടും തുടർച്ചയായി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. കരാർ ലംഘനത്തിന് ഇന്ത്യൻ സായുധസേന ഉചിതമായ മറുപടി നൽകുന്നുണ്ട്. ഈ കരാർ ലംഘനത്തെ ഗൗരവമായി തന്നെയാണ് കാണുന്നത്. ഇത് ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണമെന്ന് പാകിസ്താനോട് അഭ്യർത്ഥിക്കുന്നു. ഉചിതമായ നടപടി സ്വീകരിക്കണം. ഏതൊരു അതിർത്തി ലംഘനത്തെയും ഇന്ത്യൻ സൈന്യം ശക്തമായി നേരിടും. അതിന് അവർക്ക് നിർദേശവും സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്നും” പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം പാകിസ്താൻ ഡിജിഎംഒ ചർച്ചയ്‌ക്കായി ഇന്ത്യയുടെ ഡിജിഎംഒയുമായി ബന്ധപ്പെടുകയും വെടിനിർത്തലിനും സൈനിക നടപടികൾ നിർത്തിവെക്കാനുമുള്ള ധാരണയിലെത്തുകയും ചെയ്തു. എന്നാൽ വെടിനിർത്തൽ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിർത്തിയിൽ വെടിവയ്പ് തുടരുകയും ജമ്മുവിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടാവുകയുമായിരുന്നു.















