ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നിർവഹിച്ചുവെന്നും ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണെന്നും വ്യോമസേന എക്സിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു.
“ദൗത്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. വിശദമായ വിവരങ്ങൾ യഥാസമയം അറിയിക്കും. ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേനയെ ഏൽപ്പിച്ച ചുമതലകൾ വിജയകരമായി നിർവ്വഹിച്ചു. രാജ്യത്തിന്റെ ലക്ഷ്യത്തോടൊപ്പം ചേർന്ന് ആസൂത്രിതമായും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷൻ നടത്തിയത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. അഭ്യൂഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും” പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പാകിസ്താനും ഇന്ത്യയും തമ്മിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ മണിക്കൂറുകൾക്ക് പിന്നാലെ കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ വെടിവയ്പ്പുണ്ടായി. ഇതിനെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തു.