ന്യൂഡൽഹി: ഭാരതത്തിലെ നിരവധി സ്ത്രീകളുടെ സിന്ദൂരം മായ്ച്ച പഹൽഗാം ഭീകരാക്രമണത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രതികാര നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തി പ്രദേശങ്ങൾ മാത്രമല്ല, റാവൽപിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് രാജ്നാഥ് സിംഗ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാകിസ്താൻ അതിർത്തിക്ക് സമീപത്തുള്ള സൈനിക താവളങ്ങൾ മാത്രമല്ല, പാകിസ്താന്റെ സൈനിക ആസ്ഥാനവും ഇന്ത്യൻ സായുധസേന തകർത്തെറിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയിലെ സാധാരണക്കാർക്ക് നേരെയാണ് പാകിസ്താൻ ആക്രമണം നടത്തിയത്. എന്നാൽ ഇന്ത്യൻ സൈന്യം പാകിസ്താനിനെ ഭീകരസംഘടനകളുടെ അടിസ്ഥാനസൗകര്യങ്ങൾ മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു. ഒരിക്കലും പാകിസ്താനിലെ സാധാരണക്കാരെ ഞങ്ങൾ ലക്ഷ്യം വച്ചിട്ടില്ല. അതിർത്തിയിലെ ജനവാസമേഖലകളിൽ മാത്രമല്ല, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, സ്കൂളുകൾ എന്നിവിടങ്ങളെല്ലാം ആക്രമിക്കാൻ പാകിസ്താൻ ശ്രമിച്ചു”.
ആക്രമണം നടത്തി ഭീകരർ എവിടെ പോയി ഒളിച്ചാലും ഇന്ത്യ പിന്തുടർന്ന് വേട്ടയാടും. സൈന്യം ഭീകരർക്ക് ശക്തമായ മറുപടി നൽകി. ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം. അതിർത്തിക്ക് ഇപ്പുറത്തും അപ്പുറത്തും ഭീകരതയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത് പുതിയ ഇന്ത്യയാണ്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടിയല്ല. ഭാരതത്തിന്റെ രാഷ്‌ട്രീയ, സാമൂഹിക, തന്ത്രപരമായ ഇച്ഛാശക്തിയുടെ കൂടിച്ചേരലാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















