ലക്നൗ: ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാക്സിതാൻ തിരിച്ചറിഞ്ഞെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈലിനെ കുറിച്ച് അറിയണമെങ്കിൽ പാകിസ്താനോട് ചോദിച്ചാൽ മതിയെന്നും ഒരിക്കലും നിവരാത്ത നായയുടെ വാല് പോലെയാണ് ഭീകരതയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലക്നൗവിൽ നടന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ നിർമാണ യൂണിറ്റിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“ഭീകരവാദം പൂർണമായും തകർക്കുന്നത് വരെയും ഈ പ്രശ്നത്തിന് പരിഹാരമാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭീകരതയെ തച്ചുടക്കാൻ നാമെല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്മോസ് മിസൈലിന്റെ ശക്തി പ്രകടമായിരുന്നു. അതിന്റെ ആഘാതം എത്രത്തോളമാണെന്ന് പാകിസ്താനോട് ചോദിക്കണം. ഉത്തർപ്രദേശിൽ ഉടൻ ആരംഭിക്കുന്ന ബ്രഹ്മോസ് പദ്ധതിക്കായി സംസ്ഥാന സർക്കാർ 200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.
ഇനി രാജ്യത്ത് നടക്കുന്ന ഏതൊരു ഭീകരാക്രമണവുമായി യുദ്ധമായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പാകിസ്താനെതിരെ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈന്യം ബ്രഹ്മോസ് മിസൈൽ ആദ്യമായി ഉപയോഗിച്ചിരിക്കാമെന്ന് ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബ്രഹ്മോസ് വിന്യാസിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇത് സ്ഥിരീകരിക്കുന്നതാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വാക്കുകൾ.















