ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനുപിന്നാലെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ വാക്കുകളും ട്രോളുകളുമായി രംഗത്തെത്തി. സൈബർ അധിക്ഷേപം രൂക്ഷമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്.
അതേസമയം വിദേശകാര്യ സെക്രട്ടറിക്കെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് നിരവധി പ്രമുഖർ രംഗത്തുവന്നു. രാഷ്‌ട്രീയ നേതാക്കളും നയതന്ത്രഞ്ജരും വിക്രം മിസ്രിക്ക് പിന്തുണ അറിയിച്ചു. ഓൺലൈൻ ആക്രമണത്തെ ശക്തമായി അപലപിച്ച ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി നമ്മുടെ രാജ്യത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന മാന്യനും സത്യസന്ധനും കഠിനാധ്വാനിയുമായ നയതന്ത്രജ്ഞനാണ് വിക്രം മിസ്രിയെന്ന് എക്‌സിൽ കുറിച്ചു.
മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോൻ റാവു ഓൺലൈൻ അധിക്ഷേപങ്ങളെ “തികച്ചും ലജ്ജാകര”മെന്ന് വിശേഷിപ്പിച്ചു. സൈബർ ആക്രമണം മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
“ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിന്റെ പേരിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും കുടുംബത്തെയും പരിഹസിക്കുന്നത് തികച്ചും ലജ്ജാകരമാണ്. സമർപ്പിത നയതന്ത്രജ്ഞനായ മിസ്രി, പ്രൊഫഷണലിസത്തോടും ദൃഢനിശ്ചയത്തോടും കൂടി ഇന്ത്യയെ സേവിച്ചു, അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ല,” അവർ എക്‌സിൽ കുറിച്ചു.
വിക്രം മിസ്രിക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷനും രംഗത്തെത്തി. സത്യസന്ധതയോടെ കർത്തവ്യങ്ങൾ നിർവഹിക്കുന്ന സിവിൽ സർവീസുകാർക്കെതിരെ അനാവശ്യമായി വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അസോസിയേഷൻ എക്‌സിൽ കുറിച്ചു.