ന്യൂഡൽഹി: പാകിസ്താനിലും പാക് അധീന കശ്മീരിലും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻസൈന്യം.
ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങളായ മുരിദ്കെ, ബഹൽപൂർ എന്നിവിടങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവച്ചത്.
പാകിസ്താന്റെ വ്യോമ പ്രതിരോധ റഡാറുകളിലും വ്യോമതാവളങ്ങൾക്കും നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾ ദൃശ്യത്തിൽ കാണാം. കഴിഞ്ഞ ദിവസത്തെ സായുധസേനയുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥർ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദവിവരങ്ങൾ തെളിവുസഹിതം നിരത്തിയത്.
ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുൾ, മുജാഹിദീൻ ഭീകരസംഘടനകളുടെ പരിശീലന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പാക് അധീന കശ്മീരായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാനലക്ഷ്യം.
കൊടും ഭീകരന്മാരായ കസബിനെയും ഹെഡ്ലിയെയും പരിശീലിപ്പിച്ച മുരിദ്കെയിലാണ് ശക്തമായ ആക്രമണം നടത്തിയത്. 200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ലഷ്കർ കേന്ദ്രത്തിന്റെ പരിശീലന കേന്ദ്രവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമാക്കി തുടർച്ചയായി മിസൈലാക്രമണം നടത്തി.
മുരിദ്കെയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ സേന പങ്കുവച്ചു. കൃത്യമായി സ്ഥാനം തിരിച്ചറിഞ്ഞ്, നിരീക്ഷിച്ചതിന് ശേഷം മാത്രമാണ് സൈന്യം ആക്രമണം നടത്തിയത്.
പാകിസ്താനിലെ ബഹൽപൂരിൽ ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ താവളം തകർത്തതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടും സേന വിശദീകരിച്ചു.