ഗുവാഹത്തി: പത്ത് വയസുകാരനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അസം ഗുവാഹത്തിയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ കാമുകനാണ് പിടിയിലായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവന്നത്.
ട്യൂഷന് പോയതായിരുന്നു കുട്ടി. എന്നാൽ തിരികെ വരാനുള്ള സമയം കഴിഞ്ഞിട്ടും എത്തിയിരുന്നില്ല. കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
സംശയത്തിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം ഒളിപ്പിച്ച സ്യൂട്ട്കേസും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാരുന്നു സ്യൂട്ട്കേസ് ഉണ്ടായിരുന്നത്.
ഭർത്താവുമായി വേർപിരിഞ്ഞ കുട്ടിയുടെ അമ്മയ്‌ക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ യുവതിക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ച് പാെലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്.