എറണാകുളം: നാവികസേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചുവിളിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനാണ് പിടിയിലായത്. നാവികസേന ആസ്ഥാനത്തേക്കാണ് കോൾ വന്നത്. കൊച്ചിയിലെ ഹാർബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതി മാനസിക പ്രശ്നമുള്ള ആളാണെന്നും നാല് വർഷമായി ചികിത്സയിലാണെന്നും കാെച്ചി കമ്മീഷണർ പറഞ്ഞു. ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെയും തെളിവ് ലഭിച്ചിട്ടില്ലെന്നും പ്രതി കുറ്റം സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിക്കുന്നെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് നാവികസേന ആസ്ഥാനത്തേക്ക് ഫോൺകോൾ വന്നത്. ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ അറിയണം എന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പാകിസ്താൻ ആക്രമണം നടത്തുന്നതിനിടെയായിരുന്നു ഫോൺ കോൾ.















