ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നൽകിയ കനത്ത പ്രഹരമായ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യം അഭിസംബോധന ഇന്ന് രാത്രി എട്ട് മണിക്ക്. പാകിസ്താനിലുള്ള ഭീകരരെയും ഭീകരകേന്ദ്രങ്ങളെയും അടപടലം തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തോട് സംസാരിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. ഇന്ത്യൻ സായുധസേനയുടെ കരുത്ത് ലോകത്തിന് കാണിച്ചുകൊടുത്ത ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചായിരിക്കും മോദിയുടെ പ്രസംഗമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വ്യോമ, കര, നാവികസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കാൻ ധാരണയാവുകയും ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ഭീകരരുടെ വധം, പാകിസ്താന്റെ ആക്രമണം, വെടിനിർത്തൽ കരാർ പ്രഖ്യാപനം, സൈനികരുടെ ധീരത, സൈനികർക്ക് നൽകിയ നിർദേശങ്ങൾ എന്നിവയെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചേക്കും.