ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ 51-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ നവംബര്‍ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന ആറുമാസത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുങ്ങിയവ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന് മുന്നിലായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശയും നല്‍കിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നത്.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്രാജ് ഖന്നയുടെയും ഡല്‍ഹി സര്‍വകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.സുപ്രീംകോടതി മുന്‍ ജഡ്ജി എച്ച് ആര്‍ ഖന്നയുടെ അനന്തരവൻ കൂടിയാണ് സഞ്ജീവ് ഖന്ന.
ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് – സെക്ക്യുലര്‍ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഇന്ദിരാസര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യഹര്‍ജികള്‍ വിമര്‍ശനത്തോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ നവംബറില്‍ തള്ളിയിരുന്നു,
അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും. നിലവിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയാണ് ജസ്റ്റിസ് ബി.ആർ.ഗവായി. 2010-ൽ വിരമിച്ച ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം പട്ടികജാതി സമൂഹത്തിൽ നിന്നുള്ള രണ്ടാമത്തെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം.
ജസ്റ്റിസ് ബി.ആർ. ഗവായി നവംബറിൽ വിരമിക്കും. അദ്ദേഹം ഏകദേശം 6 മാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും.















