ന്യൂഡൽഹി: ഇന്ത്യ-പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ശക്തമായ തിരിച്ചടി ലഭിച്ചിട്ടും വ്യാജവാർത്തകൾ പടച്ചുവിട്ട് സന്തോഷം കണ്ടെത്തുകയാണ് പാക് ഭരണകൂടം. സത്യം വളച്ചൊടിക്കാൻ പാക് സായുധ സേനകളും സർക്കാർ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വ്യാജ വാർത്തകൾ പങ്കുവെയ്‌ക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു തെറ്റായ വിവരം നൽകി ലോകത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് പാക് നാവിക സേന.
അറബിക്കടലിൽ അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ ഫ്ലീറ്റ് യൂണിറ്റുകളുടെ ദ്രുതഗതിയിലുള്ള വിന്യാസം അവകാശപ്പെട്ടുകൊണ്ട് പാക് നാവിക സേന മോർഫ് ചെയ്ത ചിത്രം പുറത്തിറക്കി. സംഘർഷ സമയത്തെ തങ്ങളുടെ ദ്രുതഗതിയിലുള്ള പ്രതികരണം കാണിക്കാൻ അവർ ഈ ചിത്രം ഒരു ഐഎസ്പിആർ പത്രസമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം പുതിയതല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് സൈബറിടം. 2023 മുൻപ് എടുത്ത് ചിത്രം ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന-പാകിസ്താൻ സംയുക്ത നാവിക അഭ്യാസത്തിനിടെ എടുത്തിട്ടുള്ളതാണ്.

ഇതിനുപിന്നാലെ വ്യാജന്റെ ഒറിജിനലും പുറത്തുവന്നു. യഥാർത്ഥ ചിത്രത്തിൽ , നിരവധി ചൈനീസ്, പാകിസ്താൻ യുദ്ധക്കപ്പലുകൾ നിരനിരയായി പട്രോളിംഗ് നടത്തുന്നത് കാണാം, പാകിസ്താൻ നേവൽ എയർ ആർമിന്റെ മൂന്ന് ലോക്ക്ഹീഡ് മാർട്ടിൻ പി-3സി ഓറിയോൺ വിമാനങ്ങൾ ഇതിന് മുകളിലൂടെ പറക്കുന്നു. ഇപ്പോൾ പാക് നാവിക സേനയിറക്കിയ മോർഫ് ചെയ്ത ചിത്രത്തിൽ കപ്പലിന്റെ സ്ഥാനത്ത് ഒരു അന്തർവാഹിനി കൂടി എഡിറ്റ് ചെയ്ത ചേർത്തിട്ടുണ്ട്. 2023 ഡിസംബറിൽ റേഡിയോ പാകിസ്താൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ യഥാർത്ഥ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
















