ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കാൻ ബിജെപി. ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന തിരംഗ യാത്രയ്‌ക്ക് ഇന്ന് തുടക്കമാകും. 11 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ഇന്ന് ആരംഭിക്കുന്നത്. ജനങ്ങളിൽ ദേശീയ അഭിമാനവും ഐക്യവും വളർത്തിയെടുക്കുകയാണ് യാത്രയുടെ ലക്ഷ്യം.
മെയ് 13 മുതൽ 23 വരെയാണ് തിരംഗ യാത്ര നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ദേശസ്‌നേഹം, ദേശീയ ഐക്യദാർഢ്യം, ത്രിവർണ്ണ പതാകയോടുള്ള ആദരവ് എന്നിവയുടെ സന്ദേശം ഊന്നിപ്പറഞ്ഞുകൊണ്ട്, വിവിധ പ്രദേശങ്ങളിലെ പൗരന്മാരുമായി ബന്ധപ്പെടുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പറഞ്ഞു.
മെയ് 11 ഞായറാഴ്ച നടന്ന യോഗത്തിൽ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കളും കേന്ദ്ര മന്ത്രിമാരും പ്രചാരണത്തിന്റെ നിർവ്വഹണത്തെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, സാംബിത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയ പ്രധാന നേതാക്കൾക്കൊപ്പം ദേശീയ തലത്തിൽ യാത്ര ഏകോപിപ്പിക്കും. ‘ഓപ്പറേഷൻ സിന്ദൂറിന്റെ’ വിജയം ഉയർത്തിക്കാട്ടുന്നതിനായി വലിയ പൊതുയോഗങ്ങൾ, ബൈക്ക് റാലികൾ, പതാക ഉയർത്തൽ ചടങ്ങുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ ഈ കാമ്പയിനിൽ ഉൾപ്പെടും.