അമൃത്സർ: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതിന് പിന്നാലെ സൈനികർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിലെത്തിയാണ് പ്രധാനമന്ത്രി സൈനികരെ കണ്ടത്. രാവിലെയായിരുന്നു അപ്രതീക്ഷിത സന്ദർശനം. ഭാരത് മാതാ കീ ജയ് വിളിച്ച് സൈനികർ മോദിയെ സ്വീകരിച്ചു.

സൈനികരെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. “വ്യോമസേനയുടെ ധീരയോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നിർഭയത്തിന്റെയും പ്രതീകമായ ആളുകളോടൊപ്പം സമയം ചെലവിടാൻ കഴിഞ്ഞത് ഏറെ സവിശേഷമായ അനുഭവമായിരുന്നു. രാജ്യസുരക്ഷയ്‌ക്കായി സായുധസേന ചെയ്യുന്ന എല്ലാത്തിനും ഭാരതം എന്നും കടപ്പെട്ടിരിക്കുമെന്ന്”പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അതീവ രഹസ്യമായാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയത്. സൈനികർക്കൊപ്പം ഏറെ നേരം സംവദിച്ച മോദി നേരിട്ട് നന്ദി അറിയിക്കുകയും അവർക്കൊപ്പം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
















