ഇന്ത്യ പാക്-സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബിസിസിഐ മത്സരങ്ങളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സർക്കാരുമായും സുരക്ഷ ഏജൻസികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കാനുളള തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി ബിസിസിഐ പറഞ്ഞു.
മെയ് 17നാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായി ശേഷിക്കുന്ന 17 മത്സരങ്ങൾ നടക്കും. ജൂൺ മൂന്നിനാണ് ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്. പുതുക്കിയ ഷെഡ്യൂളിൽ രണ്ട് ഡബിൾ-ഹെഡർ മത്സരങ്ങൾ ഉൾപ്പെടുന്നു, അവ രണ്ട് ഞായറാഴ്ചകളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങൾക്കുള്ള വേദികളുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിനുപിന്നാലെ ഇന്ത്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യംവച്ച് പാകിസ്ഥാൻ ഡ്രോൺ,മിസൈൽ ആക്രമണങ്ങൾക്ക് ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് മെയ് 9 ന് ധർമ്മശാലയിൽ നടത്താനിരുന്ന പഞ്ചാബ് കിംഗ്‌സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം റദ്ദാക്കി. സംഘർഷം രൂക്ഷമായതോടെ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളും താത്കാലികമായി നിർത്തിവെയ്‌ക്കുകയായിരുന്നു.