പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം പാകിസ്താന് നൽകിയ തിരിച്ചടിയിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ടെന്നും അമ്മമാരുടെ ത്യാഗമാണിതെന്നും ആലിയ ഭട്ട് കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്ന ധീരന്മാർക്ക് ജന്മം നൽകിയ അവരുടെ അമ്മമാരെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
“കഴിഞ്ഞ ഏതാനും രാത്രികൾ ഏറെ വ്യത്യസ്തമായിരുന്നു. ഒരു രാജ്യം മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചിരുന്ന നിമിഷം. മലനിരകളിൽ എവിടെയോ നമ്മുടെ സൈനികർ ഉണർന്നിരിക്കുന്നു. നമ്മളിൽ ഭൂരിഭാഗം ആളുകളും നമ്മുടെ വീട്ടിൽ ഒതുങ്ങികഴിയുമ്പോൾ, സൈനികർ ഇരുട്ടിൽ നിന്നുകൊണ്ട് നമ്മുടെ ഉറക്കത്തെ കാത്തുസൂക്ഷിക്കുന്നു. ഇത് ത്യാഗമാണ്. ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്തൊരു അമ്മയുണ്ട്. തന്റെ മകന്റേത് താരാട്ടുപാട്ടിന്റെ രാത്രിയല്ല, മറിച്ച് സംഘർഷത്തിന്റെയും പിരിമുറുക്കത്തിന്റെയും നിശബ്ദതയുടെയും രാത്രിയാണെന്ന് അവർ തിരിച്ചറിയുന്നു”.
“കഴിഞ്ഞ ദിവസം എല്ലാവരും മദേഴ്സ് ഡേ ആഘോഷിച്ചു. പൂക്കൾ നൽകുകയും ആലിംഗനം ചെയ്യുകയും ചെയ്തു. നമ്മുടെ സൈനികർക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്ത അമ്മമാരെ ഓർക്കാതിരിക്കാൻ എനിക്ക് സാധിച്ചില്ല. ജീവൻ നഷ്ടപ്പെട്ട സൈനികരെ കുറിച്ചോർത്ത് വിഷമിക്കുന്നു. ഇനിയൊരിക്കലും വീട്ടിലേക്ക് മടങ്ങിവരാത്ത സൈനികരെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. അവരുടെ പേരുകൾ രാജ്യത്തിന്റെ ആത്മാവിൽ കൊത്തിവച്ചിരിക്കുകയാണ്”.
ഇനിയുള്ള എല്ലാ രാത്രികളിലും പിരിമുറുക്കം ഇല്ലാത്ത, സംഘർഷമില്ലാത്ത നിശബ്ദതയാണ് ആഗ്രഹിക്കുന്നത്. സമാധാനത്തിൽ നിന്ന് ഉണ്ടാകുന്ന നിശബ്ദതയാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ സംരക്ഷകർക്കായി രാജ്യത്തിനായി ഒരുമിച്ചുനിൽക്കുന്നു- ആലിയ ഭട്ട് കുറിച്ചു.















