ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കനത്ത നാശനഷ്ടമുണ്ടായെന്ന് സമ്മതിച്ച് പാക് സൈന്യം. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്താന്റെ ഇന്റർസർവീസ് പബ്ലിക് റിലേഷൻസിന്റെ കണക്ക്. 78 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്താൻ കരസേനയിലെ ആറ് പേരും വ്യോമസേനയിലെ അഞ്ചുപേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പാക് വ്യോമസേനയിലെ ഒരു സ്‌ക്വാഡ്രൺ ലീഡറും ഉൾപ്പെടുന്നു.
പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പരിക്കേറ്റ സൈനികരെ ആശുപത്രികളിലെത്തി സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താൻ തങ്ങളുടെ നാശനഷ്ടത്തിന്റെ കണക്ക് പുറത്തുവിടാൻ തയ്യാറായത്. ഇതാദ്യമായാണ് പാക്സൈന്യം തങ്ങൾക്ക് ഉണ്ടായ തിരിച്ചടി അംഗീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിറക്കുന്നത്. എന്നാൽ ഇതും കൃത്യമല്ലെന്ന് ഇന്ത്യ പുറത്തുവിട്ട വിശദാംശങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. തിരിച്ചടിയിൽ ഏകദേശം 30 മുതൽ 40 വരെ പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായും നിരവധി പാക് സൈനിക വിമാനങ്ങൾ വിജയകരമായി തകർത്തതായും ഇന്ത്യൻ സേനയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.