ന്യൂഡൽഹി: ചൈനീസ് മാദ്ധ്യമങ്ങൾക്ക് പിന്നാലെ തുർക്കി വാർത്ത മാദ്ധ്യമങ്ങൾക്കെതിരെയും നടപടി കടുപ്പിച്ച് ഇന്ത്യ. തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആർടി വേൾഡിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യ- പാക് സംഘർഷങ്ങൾക്കിടെ പാകിസ്താനെ പിന്തുണച്ച് പ്രചരണം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാക് സ്പോൺസർ വാർത്തകൾ സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴി വ്യാപകമായ രീതിയിൽ ഇന്ത്യയിൽ പ്രചരിപ്പിച്ചു എന്നതാണ് കണ്ടെത്തൽ. തുർക്കിയിലെ പല വാർത്ത ഏജൻസികളുടെയും വിവരങ്ങൾ സർക്കാർ അന്വേഷിച്ചുവരികയാണ്. മറ്റ് വാർത്ത ഏജൻസികളുടെയും പത്രമാദ്ധ്യമങ്ങളുടെയും എക്സ് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ചൈനയും തുർക്കിയും ഇസ്ലാമാബാദിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും മാദ്ധ്യമങ്ങളും വാർത്ത ഏജൻസികളും പാകിസ്താനെ പുകഴ്‌ത്തിയും ഇന്ത്യയും വിമർശിച്ചും പോസ്റ്റുകൾ പങ്കുവച്ചു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ജനങ്ങൾക്കിടയിൽ തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങൾക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാക് അനുകൂല പ്രചരണവും തെറ്റായ വിവരങ്ങളും നൽകിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. ചൈനീസ് സർക്കാർ നടത്തുന്ന മാദ്ധ്യമമായ ഗ്ലോബൽ ടൈംസിന്റെയും സിൻഹുവ വാർത്താ ഏജൻസിയുടെയും എക്സ് അക്കൗണ്ടാണ് ഇന്ത്യ ബ്ലോക്ക് ചെയ്തത്.















