ശ്രീനഗർ: അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേന അറസ്റ്റ് ചെയ്ത പാക് റെഞ്ചറെ പാകിസ്താന് കൈമാറി ബിഎസ്എഫ്. രണ്ടാഴ്ചയോളം കസ്റ്റഡിയിൽ വച്ചതിന് ശേഷമാണ് വിട്ടയച്ചത്. രാജസ്ഥാനിലെ അതിർത്തി പ്രദേശത്ത് നിന്നാണ് ഇയാൾ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്‌ക്ക് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് നടപടി.
അബദ്ധത്തിൽ അതിർത്തി കടന്നതിന് ഏപ്രിൽ 23-നാണ് ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ പാകിസ്താൻ പിടികൂടിയത്. അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ രാവിലെ 10.30 ഓടെയാണ് കൈമാറ്റം നടന്നത്. പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടുള്ള സമാധനപരമായ നടപടിക്രമങ്ങളാണ് നടന്നതെന്ന് ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 21 ദിവസങ്ങൾക്ക് ശേഷം തിരികെ ഇന്ത്യയിലെത്തിയ പൂർണം കുമാറിനെ ബിഎസ്എഫ് ചോദ്യം ചെയ്യുന്നുണ്ട്.
പൂർണം കുമാറിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ വേഗത്തിലാക്കിയിരുന്നു. വിഷയം ചർച്ച ചെയ്യുന്നതിന് സുരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്സും തമ്മിൽ ഫ്ലാഗ് മീറ്റിംഗുകളും നടന്നിരുന്നു.















