ഐപിഎൽ സീസൺ പുനരാരംഭിക്കാനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജൂൺ 3 ന് ഫൈനൽ നടക്കും. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ആദ്യ മത്സരം മെയ് 17 ന് ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടക്കും. ബെംഗളൂരു, ജയ്പൂർ, ഡൽഹി, ലഖ്‌നൗ, അഹമ്മദാബാദ്, മുംബൈ എന്നീ ആറ് വേദികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള തീയതികൾ പുറത്തുവിട്ടെങ്കിലും വേദികൾ പിന്നീട് പ്രഖ്യാപിക്കും. ക്വാളിഫയർ 1 മെയ് 29 നും എലിമിനേറ്റർ മെയ് 30 നും നടക്കും. രണ്ട് ദിവസത്തിന് ശേഷമാണ് കിരീടപ്പോരാട്ടം.
പാകിസ്താൻ ചണ്ഡീഗഢിനടുത്ത് ഇന്ത്യൻ വ്യോമാതിർത്തി ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് മെയ് 8 ന് പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഐപിഎൽ നിർത്തിവച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ധാരണ അംഗീകരിച്ചതോടെയാണ് ലീഗ് പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചത്.