ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ നിര്‍ദ്ദിഷ്ട നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ജെവാറില്‍ ഒരു പുതിയ സെമികണ്ടക്ടര്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ശിവ് നാടാരിന്റെ ഉടമസ്ഥതയിലുള്ള എച്ച്സിഎല്‍ ഗ്രൂപ്പും തായ്വാന്‍ ഇലക്ട്രോണിക്‌സ് ഭീമനായ ഫോക്സ്‌കോണും തമ്മിലുള്ള സംയുക്ത സംരംഭമായിരിക്കും ഇത്.
ആറാം സെമികണ്ടക്റ്റര്‍ പ്ലാന്റ്
ആഭ്യന്തര സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും ആഗോള ചിപ്പ് വിതരണ ശൃംഖലയില്‍ ഒരു പ്രധാനിയായി സ്വയം സ്ഥാനം പിടിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമത്തിലെ മറ്റൊരു നിര്‍ണായക നാഴികക്കല്ലാണ് ഇത്. അഞ്ച് സെമികണ്ടക്ടര്‍ നിര്‍മാണ യൂണിറ്റുകള്‍ രാജ്യത്ത് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ കീഴില്‍ ആറാമത്തെ സെമികണ്ടക്റ്റര്‍ നിര്‍മാണ യൂണിറ്റായിരിക്കും ജെവാറിലേത്. ഇത് രാജ്യത്തിന്റെ ഹൈടെക് ഉല്‍പ്പാദനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.
യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി മേഖലയിലാണ് എച്ച്‌സിഎല്‍-ഫോക്‌സ്‌കോണ്‍ പ്ലാന്റ് സ്ഥാപിക്കുക. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഓട്ടോമൊബൈലുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, വിഷ്വല്‍ ഡിസ്പ്ലേകളുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ ഡ്രൈവര്‍ ചിപ്പുകളാണ് പ്ലാന്റില്‍ നിര്‍മിക്കുക. പ്രതിമാസം 36 ദശലക്ഷം യൂണിറ്റ് വരെ ഉല്‍പ്പാദനമാണ് ലക്ഷ്യം.
ശക്തമായ കൂട്ടുകെട്ട്
ഈ പദ്ധതിയിലൂടെ 3,700 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തന്ത്രപരമായ മേഖലയില്‍ ശക്തമായ സ്വകാര്യ മേഖലാ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നതാണ് പദ്ധതി. എച്ച്സിഎലിന് പതിറ്റാണ്ടുകളുടെ ഹാര്‍ഡ്വെയര്‍ ഡെവലപ്‌മെന്റ് അനുഭവ പരിചയമുണ്ട്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഫോക്സ്‌കോണ്‍. ഇത് പങ്കാളിത്തത്തിന് സാങ്കേതിക ആഴവും ആഗോള നിലവാരവും നല്‍കുന്നു.
ഇന്ത്യയുടെ കുതിപ്പ്
ഇന്ത്യയിലെ വിശാലമായ സെമികണ്ടക്ടര്‍ മേഖലയും വേഗത്തില്‍ രൂപപ്പെട്ടുവരികയാണ്. നിര്‍മ്മാണ സൗകര്യങ്ങള്‍ക്ക് പുറമേ, ഒന്നിലധികം സംസ്ഥാനങ്ങളിലായി ലോകോത്തര ചിപ്പ് ഡിസൈന്‍ ക്ലസ്റ്ററുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 70ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 270 അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇതിനകം തന്നെ അത്യാധുനിക ഡിസൈന്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്നു. മൊഹാലിയിലെ സെമികണ്ടക്ടര്‍ ലബോറട്ടറി (എസ്സിഎല്‍) വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഇരുപത് പുതിയ ചിപ്പ് ഉല്‍പ്പന്നങ്ങള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
ആഗോള സെമികണ്ടക്ടര്‍ ഉപകരണങ്ങളുടെയും മെറ്റീരിയല്‍ വിതരണക്കാരുടെയും സാന്നിധ്യം ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് ഫാബ്രിക്കേഷന്‍ ഉപകരണ നിര്‍മ്മാതാക്കളില്‍ ഒന്നായ അപ്ലൈഡ് മെറ്റീരിയല്‍സ്, ലാം റിസര്‍ച്ച് തുടങ്ങിയ കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.