ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സൈന്യം. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിലാണ് പുലർച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പുണ്ടായത്. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മേഖലയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
പ്രദേശത്ത് സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്. കഴിഞ്ഞദിവസം ഷോപിയാൻ ജില്ലയിലെ കെല്ലർ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചിരുന്നു. ഷോപിയാൻ ജില്ലയിലെ കെല്ലറിലുള്ള ഷുക്രൂ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് മൂന്ന് എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.















