ഇന്ന് സോഷ്യൽമീഡിയയിലൂടെ ഏറ്റവുമധികം വിമർശനം നേരിടുന്ന വ്യക്തികളിലൊരാളാണ് അന്തരിച്ച മിമിക്ര കലാകാരൻ സുധിയുടെ ഭാര്യ രേണു സുധി. രേണുവിന്റെ വീഡിയാേകൾക്കും ചിത്രങ്ങൾക്കുമെതിരെ വലിയ തോതിൽ വിമർശനങ്ങളും പരിഹാസങ്ങളും ഉയരാറുണ്ട്. ഇതിനെതിരെ പല തവണ രേണു സുധി രംഗത്ത് വന്നെങ്കിലും നെഗറ്റീവ് കമന്റുകൾക്കും അധിക്ഷേപങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല.
രേണുവിന്റെ പുറകെ പോയി വീഡിയോ എടുക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങളുടെ ക്യാപ്ഷനുകളും ചോദ്യങ്ങളും അടുത്തിടെ ഏറെ ചർച്ചയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചും രേണുവിനെ പിന്തുണച്ചും എത്തിയിരിക്കുകയാണ് നടി തെസ്നി ഖാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. കാണാൻ മഞ്ജുവാര്യരെ പോലെയുണ്ടെന്ന് പറയുകയും അതിന് രേണു നൽകുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്. ഒരാളെ ഇങ്ങനെ കളിയാക്കരുതെന്നും അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെയെന്നും തെസ്നി ഖാൻ കുറിപ്പിൽ പറയുന്നു.
“എല്ലാവർക്കും നമസ്കാരം. ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവർ അത് മാറ്റുക. ഇപ്പോൾ എനിക്ക് പാവം തോന്നുന്നു. അവർ ആർക്കും ഒരു ശല്യമാകുന്നില്ലല്ലോ. കാണത്തവർ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമില്ലാത്ത കാര്യമാണ്. അതോർക്കുക”- തെസ്നി ഖാൻ കുറിച്ചു.















