ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയില്‍ വ്യക്തത തേടി രാഷ്‌ട്രപതി. വിധിയുമായി ബന്ധപ്പെട്ട് 14 കാര്യങ്ങളാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സുപ്രീംകോടതിയോട് ചോദിച്ചിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ചാണ് ഈ നീക്കം. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്‌ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്.
രാഷ്‌ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍പ് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്‌ട്രപതി റഫറന്‍സില്‍ വ്യക്തമാക്കുന്നു.
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോയെന്ന് രാഷ്‌ട്രപതി ചോദിക്കുന്നു.ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടന സമയപരിധി നിശ്ചയ്‌ക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാകുക എന്നതാണ് പ്രധാന ചോദ്യം.
രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്‌ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി റഫറന്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്‌ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങള്‍ ഇവയാണ്:
1. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി ലഭിക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?
2. ഈ മാര്‍ഗങ്ങള്‍ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ പാലിക്കേണ്ടതുണ്ടോ?
3. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ജുഡീഷ്യല്‍ അവലോകനത്തിന് (ജുഡിഷ്യബിൾ) വിധേയമാണോ?
4. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ നടപടികളുടെ ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് ആര്‍ട്ടിക്കിള്‍ 361 വിലക്ക് ഏര്‍പ്പെടുത്തുന്നില്ലേ ?
5. ഭരണഘടനാപരമായി സമയപരിധികള്‍ ഇല്ലെങ്കിലും, ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ അവരുടെ അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ കോടതികള്‍ക്ക് സമയപരിധി നിശ്ചയിക്കാനും നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുമോ?
6. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്‌ട്രപതിയുടെ വിവേചനാധികാരം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?
7. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്‌ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നതിന് കോടതികള്‍ക്ക് സമയപരിധികളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ കഴിയുമോ?
8. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്‌ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?
9. ഒരു നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആര്‍ട്ടിക്കിള്‍ 200, 201 പ്രകാരം ഗവര്‍ണറും പ്രസിഡന്റും എടുക്കുന്ന തീരുമാനങ്ങള്‍ നീതിന്യായ പരിശോധനയ്‌ക്ക് വിധേയമാണോ?
10. ആര്‍ട്ടിക്കിള്‍ 142 വഴി പ്രസിഡന്റോ ഗവര്‍ണറോ പ്രയോഗിക്കുന്ന ഭരണഘടനാപരമായ അധികാരങ്ങള്‍ ജുഡീഷ്യറിക്ക് പരിഷ്‌കരിക്കാനോ അസാധുവാക്കാനോ കഴിയുമോ?
11. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു സംസ്ഥാന നിയമം പ്രാബല്യത്തില്‍ വരുമോ?
12. ഒരു കേസില്‍ ഭരണഘടനാ വ്യാഖ്യാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച്, നിര്‍ണ്ണയിച്ചാല്‍, ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം കുറഞ്ഞത് അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യേണ്ടതല്ലേ?
13. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമേ, നിലവിലുള്ള ഭരണഘടന അല്ലെങ്കില്‍ നിയമപരമായ വ്യവസ്ഥകള്‍ക്ക് അതീതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന്,ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീം കോടതിക്ക് അധികാരമുണ്ടോ ?
14. ആര്‍ട്ടിക്കിള്‍ 131 പ്രകാരമുള്ള ഒരു കേസ് ഫയൽ ചെയ്യുന്നതിലൂടെയല്ലാതെ, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന സുപ്രീം കോടതിയെ അനുവദിക്കുന്നുണ്ടോ?
നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്‌ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്,. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടാംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ പ്രവർത്തിച്ച തന്റെ അവസാന പ്രവൃത്തി ദിവസമായ മെയ് 13 നാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നൽകിയിരിക്കുന്നത്.















