തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ കാർഗോയും ഗ്രൗണ്ട് ഹാൻഡ്ലിംഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗന്റെ മകൾ സുമയ്യയാണ് സെലെബിയുടെ സഹ ഉടമ. ഇതേ സുമയ്യയുടെ ഭർത്താവാണ് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ സൈന്യത്തിന് വേണ്ടി ഡ്രോണുകൾ നിർമിക്കുന്ന കമ്പനിയുടെ ഉടമ.
അതീവ സുരക്ഷാ മേഖലയിലെ ടർക്കിഷ് കമ്പനിയുടെ പ്രവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സെലെബിയിലും സുമയ്യയുടെ ഭർത്താവിന് പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഡൽഹി, മുംബൈ, ചെന്നൈ കൊച്ചി, കോഴിക്കോട് അടക്കമുള്ള രാജ്യത്തെ 9 വിമാനത്താവളങ്ങളിൽ സെലെബി പ്രവർത്തിക്കുന്നുണ്ട്. അതീവ സ്വകാര്യ സ്വഭാവമുള്ള വിവിഐപി കാർഗോ ഉൾപ്പെടുള്ള കാര്യങ്ങൾ ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. വിവിഐപി കാർഗോയിലെ വിവരങ്ങൾ ശത്രു രാജ്യങ്ങൾക്ക് ലഭിക്കുന്നത് രാജ്യസുരക്ഷയെ അടക്കം ബാധിക്കും. നിലവിലെ സാഹചര്യത്തിൽ സെലെബിയുമായുള്ള കരാറുകൾ ഇന്ത്യ പുനഃപരിശോധിക്കുന്നുണ്ടെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിക്കെതിരായ വികാരം രാജ്യത്ത് ശക്തമാണ്. കഴിഞ്ഞ ദിവസം ജനം ടിവിയാണ് സെലെബിയെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത്. 2008 ലാണ് സെലെബി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒരു സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് രാജ്യത്തെത്തിയത്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പ്രതിവർഷം 58,000-ത്തിലധികം വിമാനങ്ങളും 5,40,000 ടൺ കാർഗോയും കൈകാര്യം ചെയ്യുന്നുണ്ട്. 7,800 ജീവനക്കാരും ഇവർക്കുണ്ട്.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ ആക്രമിക്കാൻ പാക്കിസ്താന് തുർക്കി സൈനിക സഹായം നൽകിയിരുന്നു. പാക് സൈന്യം ഇന്ത്യയ്‌ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ കൈമാറിയത് തുർക്കിയായിരുന്നു.