ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ നരസിംഹ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ മിസ് വേൾഡ് 2025 മത്സരാർത്ഥികൾ. ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ യാദഗിരിഗുട്ടയിലാണ് ക്ഷേത്രമുള്ളത്. അടുത്തിടെ ക്ഷേത്രം നവീകരണത്തിന് ശേഷം ഭക്തർക്കായി തുറന്നുകൊടുത്തിരുന്നു.
തെലങ്കാന ആതിഥേയത്വം വഹിക്കുന്ന മിസ് വേൾഡ് 2025 സംസ്ഥാനത്തെ സ്പിരിച്വൽ ടൂറിസം മേഖലയെയും പരിപോഷിപ്പിക്കാൻ സഹായകമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പരിപാടിയുടെ ഭാഗമായി തെലങ്കാനയിലുള്ള ലോകമെമ്പാടുമുള്ള മത്സരാർത്ഥികൾ സംസ്ഥാനത്തുടനീളമുള്ള നിരവധി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.
മെയ് 13 ന് അവർ ചരിത്രപ്രസിദ്ധമായ ചാർമിനാറിൽ പോയിരുന്നു. മെയ് 14 ന് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മുളുഗു ജില്ലയിലെ രാമപ്പ ക്ഷേത്രം സന്ദർശിച്ചു. മെയ് 10 ന് ഹൈദരാബാദിൽ നടന്ന വർണ്ണാഭമായ ചടങ്ങോടെയാണ് മിസ് വേൾഡ് 2025 മത്സരം ആരംഭിച്ചത്, മെയ് 31 നാണ് സമാപനം.