കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറിനിടെ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ഫോൺ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി മുജീബ് റഹ്മാൻ നിരവധി പാക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നതായി കണ്ടെത്തി. മതമൗലീകവാദ സ്വഭാവമുള്ള, ഇന്ത്യ വിരുദ്ധ അക്കൗണ്ടുകളാണ് പ്രതി പിന്തുടരുന്നതെന്ന് പൊലീസ് പറഞ്ഞു. മുജീബ് റഹ്മാൻ ലഹരി ഉപയോഗിക്കുന്നയാളെന്നും കൂടുതൽ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ റിമാൻഡിലാണ് പ്രതി.
ചോദ്യം ചെയ്യലിനോട് മുജീബ് സഹകരിക്കുന്നില്ലെന്നാണ് വിവരം കൂടാതെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഡിലീറ്റ് ചെയ്ത മൊബൈൽ സന്ദേശങ്ങളും ഡാറ്റകളും വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.
മുജീബ് കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രയുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പ്രതിക്ക് രാഘവൻ നമ്പൂതിരി എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
അതേസമയം മുജീബ് റഹ്മാൻ സജീവ എസ്ഡിപിഐ പ്രവർത്തകൻ ആണെന്നാണ് വിവരം. ഇയാളുടെ കുടുംബത്തിലെ മിക്കവരും എസ്ഡിപിഐ അംഗങ്ങളാണ്. മുൻപ് കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി പിതൃ സഹോദരി മത്സരിച്ചിട്ടുണ്ട്. ഇയാൾക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്നും പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിട്ടുണ്ട്.















