ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് അമിത് ഷാ കണ്ടത്. കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ (കോബ്ര), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF), ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്‌സ് (DRG) സേനകളിലെ 18 ഉദ്യോഗസ്ഥരാണ് ചികിത്സയിലുള്ളത്.
വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് അമിത് ഷാ നിർദേശം നൽകിയിട്ടുണ്ട്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് പരിക്കേറ്റവരാണ് അധികവും. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.
ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ വനാതിർത്തികളിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏപ്രിൽ 21-ന് ആരംഭിച്ച ഓപ്പറേഷൻ പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ നടക്കുന്ന ദൗത്യത്തിൽ 31 മാവോയിസ്റ്റുകളെ വധിച്ചു. 21 ദിവസം നീണ്ട ദൗത്യം മാവോയിസ്റ്റുകളുടെ 214 ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിച്ചു. 450 ഐഇഡികൾ ഉൾപ്പെടെ നിരവധി സ്ഫോടകവസ്തുക്കൾ സേന നിർവീര്യമാക്കി.
മാവോയിസ്റ്റുകൾ ഏറ്റവും കൂടുതൽ തമ്പണ്ടിക്കുന്ന സ്ഥലമായ കരെഗുട്ടാലുകുന്നിലാണ് പരിശോധന നടന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ 197 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.