മുംബൈ: ഇന്ത്യ സീറോ താരിഫ് വ്യാപാര കരാര്‍ വാഗ്ദാനം ചെയ്‌തെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. ബെഞ്ച്മാര്‍ക്ക് ഓഹരി വിപണി സൂചികകള്‍ ഉച്ചക്ക് ശേഷം വന്‍ കുതിപ്പ് നടത്തി. സെന്‍സെക്‌സും നിഫ്റ്റിയും 1.5% ഉയര്‍ന്ന് ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ബിഎസ്ഇ സെന്‍സെക്‌സ് 1,200.18 പോയിന്റ് ഉയര്‍ന്ന് 82,530.74 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി50 395.60 പോയിന്റ് ഉയര്‍ന്ന് 25,062.10 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വന്‍ കുതിപ്പാണ് ടാറ്റ മോട്ടോഴ്സ് ഓഹരികളില്‍ ഇന്ന് ദൃശ്യമായത്. ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 4.16% ഉയര്‍ന്നു. എച്ച്സിഎല്‍ടെക് 3.56% മുന്നേറി. അദാനി പോര്‍ട്ട്സ് 2.60% ശക്തമായ നേട്ടം കൈവരിച്ചു. എറ്റേണല്‍ (മുന്‍പ് സൊമാറ്റോ) 2.36% ഉയര്‍ന്നു. മാരുതി സുസുക്കി 2.17% മുന്നേറ്റത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ച് ഓഹരികളില്‍ ഇടം നേടി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.16% ന്റെ നേരിയ ഇടിവ്. വിപണിയിലെ ശക്തമായ വികാരത്തെ പ്രതിഫലിപ്പിച്ച് ഭൂരിഭാഗം ഓഹരികളും ലാഭത്തിലായിരുന്നു.















