ന്യൂഡൽഹി: പാകിസ്താനെ പിന്തുണയ്‌ക്കുന്ന തുർക്കിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ താത്ക്കാലികമായി റദ്ദാക്കി ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല. രാജ്യത്തിനും കേന്ദ്ര സർക്കാരിനുമൊപ്പമാണ് സർവകലാശാല നിലകൊള്ളുന്നതെന്ന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ പിആർഒ പ്രൊഫസർ സൈമ സയീദ് അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളോടായിരുന്നു പ്രതികരണം.
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ തുർക്കി പാകിസ്താനെ പിന്തുണച്ചതിനെ തുടർന്നാണ് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല ഈ തീരുമാനമെടുത്തത്. രാജ്യസുരക്ഷ മുൻനിർത്തിയാണ് നടപടി.
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയും തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാറുകൾ റദ്ദാക്കിയിരുന്നു. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന രാജ്യവുമായി ബന്ധമുള്ള തുർക്കിയോടൊപ്പം കരാർ തുടരനാകില്ലെന്നും ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്തിനും സൈനികരോടൊപ്പവുമാണ് നിൽക്കുന്നതെന്നും ജെഎൻയു വിസി പറഞ്ഞു.
പാകിസ്താൻ ഇന്ത്യയ്‌ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ തുർക്കിയുടെതാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ പാകിസ്താനെ പരസ്യമായി പിന്തുണക്കുകയും ചെയ്തതാണ് തുർക്കിക്ക് തിരിച്ചടിയായത്.