ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ കാർഗോയും ഗ്രൗണ്ട് ഹാൻഡ്ലിംഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം. ദേശീയ സുരക്ഷാ കണക്കിലെടുത്താണ് നടപടി. സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉടനടി പ്രാബല്യത്തിൽ റദ്ദാക്കിയാതായി മെയ് 15 ലെ ഉത്തരവിൽ പറയുന്നു.
അതേസമയം, സെലെബി നിലവിൽ സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾ ഇതര ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളുമായി ഏകോപിപ്പിച്ച് ഇടക്കാല ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സെലെബി പ്രവർത്തിക്കുന്ന ഒമ്പത് വിമാനത്താവളങ്ങളിൽ പുതിയ സേവന ദാതാക്കളെ നിയമിക്കുന്നതിനായി പുതിയ ടെൻഡറുകൾ ഉടൻ വിളിക്കും.
ഡൽഹി, മുംബൈ, ചെന്നൈ,കൊച്ചി,കണ്ണൂർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിൽ സെലെബി പ്രവർത്തിക്കുന്നുണ്ട്. അതീവ സുരക്ഷാ മേഖലയിലെ ടർക്കിഷ് കമ്പനിയുടെ പ്രവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരുന്നു. സെലെബിയുടെ പ്രവർത്തന അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംഎൽഎ ചീഫ് എയർപോർട്ട് ഓഫീസർക്ക് കത്തെഴുതുകയും ചെയ്തു.
തുർക്കിയും അസർബൈജാനും പാകിസ്താനെ പിന്തുണയ്‌ക്കുകയും പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യ അടുത്തിടെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ അപലപിക്കുകയും ചെയ്തിരുന്നു. തുർക്കി പാകിസ്താനെ ഡ്രോണുകളും സൈനിക സഹായവും നൽകി പിന്തുണച്ചതായി റിപ്പോർട്ടുണ്ട്. 2023-ലെ ഭൂകമ്ബ സമയത്ത് ഇന്ത്യ സഹായഹസ്തം നീട്ടിയിട്ടും അത് മറന്ന് തുർക്കി സ്വീകരിച്ച നിലപാടിൽ ഇന്ത്യയിൽ വ്യാപക ജനരോഷം ഉയർന്നിരിക്കുന്നത്. തുർക്കി ഉൽപ്പന്നങ്ങളും ടൂറിസവും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങൾ കൂടുതൽ ശക്തമായി.
തുർക്കിയിലേക്കും അസർബൈജാനിലേക്കും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഈസ് മൈ ട്രിപ്പ്, മേക്ക് മൈ ട്രിപ്പ്, ഇക്സിഗോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും യാത്രാ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ദേശീയ താൽപ്പര്യം ചൂണ്ടിക്കാട്ടി ഗോ ഹോംസ്റ്റേസ് ടർക്കിഷ് എയർലൈൻസുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. തുർക്കി ആപ്പിൾ, മാർബിൾ തുടങ്ങിയ ഇറക്കുമതി ഇന്ത്യൻ വ്യാപാരികൾ ബഹിഷ്‌കരിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.