“എല്ലാം വെറും ഷോ! അവർ ഒന്നും ചെയ്തില്ല, മൂന്നോ നാലോ വിമാനങ്ങൾ തലയ്‌ക്കു മുകളിലൂടെ അയച്ചു, തിരിച്ചുവന്നു,”: സൈന്യത്തെ അവഹേളിച്ച് കോൺഗ്രസ് എംഎൽഎ

Published by
Janam Web Desk

ബെംഗളൂരു: പാകിസ്താന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച് കോൺഗ്രസ് എംഎൽഎ. സൈനിക നടപടികൊണ്ട് ഒരു കാര്യവുമുണ്ടായില്ലെന്നും പഹൽഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് ആരോപണം. കർണാടക കോൺഗ്രസ് എംഎൽഎ കോതൂർ മഞ്ജുനാഥാണ് രാജ്യത്തെ സായുധ സേനയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

“ഒന്നും ചെയ്തില്ല. പൊങ്ങച്ചം കാണിക്കാൻ വേണ്ടി, അവർ മൂന്നോ നാലോ വിമാനങ്ങൾ തലയ്‌ക്കു മുകളിലൂടെ അയച്ച് തിരിച്ചുവന്നു. പഹൽഗാമിൽ കൊല്ലപ്പെട്ട 26–28 പേർക്ക് അത് നഷ്ടപരിഹാരമാകുമോ? ഇങ്ങനെയാണോ നമ്മൾ ആ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുന്നത്? ഇങ്ങനെയാണോ നമ്മൾ അവരെ ആശ്വസിപ്പിക്കുന്നത്? ഇങ്ങനെയാണോ നമ്മൾ ബഹുമാനം കാണിക്കുന്നത്?” മഞ്ജുനാഥ് ചോദിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് ഇന്ത്യൻ സായുധസേന ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഒൻപത് ഭീകര താവളങ്ങൾ ആക്രമിച്ചിരുന്നു. ഇതിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഏപ്രിൽ 22-ന് ബൈസരൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിലെ കുറ്റവാളികൾ ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഉണ്ടോ എന്നായിരുന്നു മഞ്ജുനാഥിന്റെ ചോദ്യം. ഇതെല്ലം ഇന്റലിജൻസ് പരാജയമാണെന്ന് ആരോപിക്കാനും എംഎൽഎ മറന്നില്ല.

“നമ്മൾ അവരെ ഇവിടെ അടിച്ചു, അവിടെയും അടിച്ചു? എല്ലാ ടിവി ചാനലുകളും വ്യത്യസ്ത കഥകളാണ് പറയുന്നത്. ഒരാൾ ഇങ്ങനെ അടിച്ചു എന്ന് പറയുന്നു, മറ്റൊരാൾ വേറെ എന്തോ പറയുന്നു. നമ്മൾ ആരെയാണ് വിശ്വസിക്കേണ്ടത്? ആരെയാണ് അടിച്ചത്? ആരാണ് മരിച്ചത്? ഔദ്യോഗിക പ്രസ്താവന എവിടെ?” കോൺഗ്രസ് എംഎൽഎ ചോദിച്ചു. കർണാടകയിലോ, പാകിസ്താനിലോ, ചൈനയിലോ, ബംഗ്ലാദേശിലോ എവിടെയായാലും, സാധാരണക്കാർക്കെതിരായ ഏത് തരത്തിലുള്ള യുദ്ധത്തെയും കോൺഗ്രസ് എതിർക്കുന്നുവെന്നും മഞ്ജുനാഥ് കൂട്ടിച്ചേർത്തു.

Share
Leave a Comment