ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ ഉപയോഗിച്ചത് ഉഗ്ര പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈലുകൾ എന്ന് സൂചന. പാകിസ്താന്റെ 11 വ്യോമത്താവളങ്ങൾക്ക് നേരെ ഇന്ത്യ 15 ബ്രഹ്മോസുകൾ പ്രയോഗിച്ചെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദ്ദേശപ്രകാരമായിരുന്നു നീക്കം. പാകിസ്താനിൽ ആകെ 13 വ്യോമത്താവളങ്ങളാണുള്ളത്. ഇതിൽ 11 എണ്ണം ഇന്ത്യ ചാമ്പലാക്കി.ഇന്ത്യയുടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ വ്യോമ കമാൻഡുകൾക്ക് കീഴിലുള്ള വിവിധ താവളങ്ങളിൽ നിന്നാണ് മിസൈലുകൾ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ പറന്നുയർന്നത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ വ്യോമത്താവളങ്ങൾ പാകിസ്താൻ ലക്ഷ്യം വച്ചിരുന്നു. കൂടാതെ അതിർത്തി മേഖലയിൽ ഡ്രോൺ ആക്രമണത്തിനും ശ്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്ത്യ ബ്രഹ്മോസ് തൊടുത്തുവിട്ടത്ത്. പാക് റഡാറുകളെ പ്രകോപിപ്പിക്കാനും പ്രവർത്തനരഹിതമാക്കാനും ഇന്ത്യ കാമികാസെ ഡ്രോണുകളാണ് ഉപയോഗിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ്, ആകാശ് മിസൈലുകൾ വാങ്ങാൻ ലോക രാജ്യങ്ങൾ തിരക്കു കൂട്ടുകയാണ്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. വേഗതയ്‌ക്കും കൃത്യതയ്‌ക്കും പേരുകേട്ട മിസൈൽ ‘ഫയർ ആൻഡ് ഫോർഗെറ്റ്’ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഉയർന്ന കൃത്യതയോടെ 290 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ഇവയ്‌ക്ക് കഴിയും.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ സുപ്രധാന പങ്ക് വഹിച്ച ഗുജറാത്തിലലെ ഭുജ് വ്യോമത്താവളം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സന്ദർശിക്കും. അതിർത്തിയിലെ സാഹചര്യവും അദ്ദേഹം വിലയിരുത്തും. കഴിഞ്ഞ ദിവസം അദ്ദേഹം കശ്മീർ അതിർത്തി മേഖലയിലെ വ്യോമത്താവളം സന്ദർശിച്ച് സൈനികരുമായി ആശയവിനിമയം നടത്തിയിരുന്നു.















