ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ തുടരുന്നതിനിടെ മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങളെ വിമർശിച്ച് മുൻ സൈനികൻ ലെഫ്റ്റനന്റ് ജനറൽ ധില്ലൺ. രാജ്യം വലിയ സംഘർഷാവസ്ഥ നേരിടുമ്പോൾ ബോളിവുഡ് താരങ്ങൾ എവിടെയാണെന്നും വരാനിരിക്കുന്ന അവരുടെ പുതിയ സിനിമകളുടെ പ്രമോഷനെ കുറിച്ച് മാത്രമാണ് അവർ ചിന്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനിലെ സിനിമാ താരങ്ങളുമായി താരതമ്യപ്പെടുത്തിയായിരുന്നു വിമർശനം.
സംഘർഷങ്ങൾ തുടങ്ങിയപ്പോൾ തന്നെ പാക് താരങ്ങൾ അവരുടെ രാജ്യത്തെ ന്യായീകരിച്ചും പിന്തുണച്ചും രംഗത്തെത്തിയിരുന്നു. എന്നാൽ ഭാരതത്തെ പിന്തുണയ്‌ക്കാനോ നിലപാട് വ്യക്തമാക്കാനോ ബോളിവുഡ് താരങ്ങൾ തയാറായിരുന്നില്ല. സ്വകാര്യ ജീവിതത്തെ കുറിച്ചും സമകാലികവിഷയങ്ങളെ കുറിച്ചും കൂറ്റൻ കുറിപ്പുകൾ പങ്കുവയ്‌ക്കുന്ന താരങ്ങൾ പാക്- ഇന്ത്യ സംഘർഷത്തിൽ മൗനം പാലിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈനികരെ പ്രശംസിക്കാനും ബോളിവുഡിലെ മുൻനിര താരങ്ങൾ മറന്നു. ആരാധകരുമായി സംവദിക്കാനുള്ള താരങ്ങളുടെ പ്രധാന വേദിയായ സോഷ്യൽമീഡിയയിലൂടെ പോലും അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നില്ല. ബോളിവുഡ് താരങ്ങളുടെ മൗനത്തിനെതിരെ പല ഭാഗങ്ങളിലും നിന്നും വലിയ എതിർപ്പുകൾ ഉയരുകയാണ്. മലയാള സിനിമാ താരങ്ങൾ ഉൾപ്പെടെ സൈനികർക്കും രാജ്യത്തിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾക്കിടെ പ്രതികരിച്ച് ബോളിവുഡ് നടി പ്രീതി സിന്റ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. മറ്റുള്ളവരുടെ കാര്യം തനിക്ക് പറയാൻ കഴിയില്ലെന്നും ഓരോരുത്തരുടെയും ചിന്താഗതി വ്യത്യസ്തമാണെന്നും താരം കുറിച്ചു. “രാജ്യത്തിന് വേണ്ടി മക്കളെ നൽകിയ അമ്മമാർ, ഭർത്താക്കന്മാരെ ഇനി ഒരിക്കലും കാണാൻ കഴിയാത്ത സ്ത്രീകൾ, അച്ഛന്റെയും അമ്മയുടെയും ഒപ്പം ജീവിക്കാൻ കഴിയാത്ത മക്കളെയും നിങ്ങൾ കണ്ടിട്ടുണ്ടോ. ഇതാണ് യാഥാർത്ഥ്യം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും വാക്കുകൾക്കും അതൊന്നും ഒരിക്കലും മാറ്റാൻ കഴിയില്ല”- എന്നായിരുന്നു പ്രീതി സിന്റയുടെ വാക്കുകൾ.















