ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുശേഷം പ്രതിരോധ ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും നവീന സാങ്കേതികവിദ്യയും വാങ്ങുന്നതിനായി സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതിന് അംഗീകാരം ലഭിച്ചേക്കുമെന്നാണ് സൂചന.
അധിക വിഹിതം ലഭിക്കുന്നതോടെ, സായുധ സേനയുടെ ആവശ്യങ്ങൾ, അവശ്യ സംഭരണങ്ങൾ, ഗവേഷണ വികസനം എന്നിവയ്‌ക്കുള്ള വ്യവസ്ഥകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈ വർഷം, പ്രതിരോധത്തിനായി കേന്ദ്ര ബജറ്റിൽ റെക്കോർഡ് തുകയായ 6.81 ലക്ഷം കോടി രൂപ വകയിരുത്തിയിരുന്നു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 9.53% ന്റെ വർദ്ധനവാണുണ്ടായത്.
എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ശക്തമായ തിരിച്ചടി നൽകാൻ സഹായിക്കുന്ന തരത്തിലേക്ക് കര,വ്യോമ,നാവിക സേനകൾക്കാവശ്യമായ നൂതന സാങ്കേതിക വിദ്യകളും ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിക്കാനും വാങ്ങാനും തദ്ദേശീയമായി നിർമ്മിക്കാനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.