ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മോദി സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തെ ശശി തരൂർ എംപി നയിക്കും.കേന്ദ്ര സർക്കാരിന്റെ ഇത് സംബന്ധിച്ച ക്ഷണം തരൂർ സ്വീകരിച്ചു . യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക. യുഎന്നിലെ ജനറല്‍ സെക്രട്ടറിയ്‌ക്ക് തൊട്ടുതാഴെയുള്ള പദവി വര്‍ഷങ്ങളോളം വഹിച്ചിട്ടുള്ള ശശി തരൂരിന്റെ ഇക്കാര്യങ്ങളിലുള്ള അനുഭവപരിചയമാണ് പ്രധാന മന്ത്രി മോദി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദത്തെ ലോകത്തിനു മുന്നില്‍ കൂടുതല്‍ തുറന്ന് കാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ ഏഴ് പ്രതിനിധി സംഘങ്ങളെ അയക്കുന്നുണ്ട് .
പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ഈ സംഘങ്ങൾ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കും. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ദൗത്യം. കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടും ശശി തരൂര്‍ യുഎസ്, യുകെ സര്‍ക്കാര്‍ പ്രതിനിധികളുടെ മുന്‍പില്‍ അവതരിപ്പിക്കും. മെയ് 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെ കൂടുതല്‍ തുറന്ന് കാട്ടാന്‍ പ്രതിനിധി സംഘത്തെ അയക്കാനുള്ള ഇന്ത്യയുടെ തീരുമാനം നയതന്ത്ര തലത്തിലെ ഇന്ത്യയുടെ മറ്റൊരു നിര്‍ണ്ണായക നീക്കമാണിത്.
ഓപ്പറേഷന്‍ സിന്ദൂറിനെയും വെടിനിര്‍ത്തലിനെയും തുറന്ന് പിന്തുണച്ച ശശി തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഓപ്പറേഷന്‍ സിന്ദൂറിനെ ന്യായീകരിച്ച് വാദമുഖങ്ങള്‍ നിരത്തേണ്ട കേന്ദ്രസംഘത്തിന്റെ ചുമതല നരേന്ദ്ര മോദി ശശി തരൂര്‍ എംപിയെ ഏല്‍പ്പിച്ചത്. ഈ ദൗത്യസംഘത്തിന്റെ ഭാഗമാകുന്നതോടെ തരൂരിനെതിരെ എന്ത് നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊള്ളുക എന്നാണ് രാഷ്‌ട്രീയ രംഗം കാത്തിരിക്കുന്നത്.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണങ്ങളെ 100 ശതമാനവും പിന്തുണയ്‌ക്കുകയായിരുന്നു ശശി തരൂര്‍. വെടിനിര്‍ത്തിയ തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തിയ ശശി തരൂരിന്റെ വാദം അങ്ങേയറ്റം യുക്തിസഹമായിരുന്നു.
മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, ജോണ് ബ്രിട്ടാസ് എന്നീ മലയാളികളും സംഘത്തിന്റെ ഭാഗമാകും.വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാനെന്ന നിലക്കാണ് തരൂരിനെ പരിഗണിക്കുന്നത്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഏഴ് സംഘങ്ങളാകും പര്യടനം നടത്തുക.
യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലാകും പര്യടനം. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് എംപിമാരുടെ പട്ടിക തയ്യാറാക്കിയത്. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചു. തരൂരിനെ പുറമെ ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് ഝാ, ശ്രീകാന്ത് ഷിൻഡെ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാകും മറ്റു സംഘങ്ങളെ നയിക്കുക എന്നറിയുന്നു .















