ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരുപത്തിയഞ്ച് വർഷം തടവുശിക്ഷ. പ്രതി ഹാദി മതാറിനാണ് വെസ്റ്റേൺ ന്യൂയോർക്ക് കോടതി തടവുശിക്ഷ വിധിച്ചത്. സൽമാൻ റുഷ്ദി പ്രസംഗിച്ചിരുന്ന അതേ വേദിയിലുണ്ടായിരുന്ന മറ്റൊരാളെ കൂടി ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിലും ഏഴുവർഷം തടവ് മതാറിന് കോടതി വിധിച്ചിട്ടുണ്ട്.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദനമായ ആക്രമണമുണ്ടായത്. ന്യൂയോർക്കിലെ ഷൗതൗക്വാ ഇന്സ്ടിട്യൂട്ടിൽ പ്രഭാഷണം നടത്താനെത്തിയ റുഷ്ദിയെ ഹാദി ആക്രമിക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടെ പലതവണ കുത്തി.
റുഷ്ദിക്ക് ആക്രമണത്തിൽ വലതുകണ്ണ് നഷ്ടമായി, തോളെല്ലിനും സാരമായി പരിക്കേറ്റു. പതിനേഴ് ദിവസം പെൻസിൽവാനിയയിലെ ആശുപത്രിയിലും മൂന്നാഴ്ച ന്യൂയോർക് സിറ്റി റീഹാബിലിറ്റേഷൻ സെൻ്ററിലും കഴിഞ്ഞ ശേഷമാണ് അദ്ദേഹം ആരോഗ്യം വീണ്ടെടുത്തത്.















