ശ്രീനഗർ: കശ്മീരിൽ സുരക്ഷാസേനയുടെ പരിശോധന. അതിർത്തി പ്രദേശങ്ങളായ പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായാണ് റെയ്ഡ്. കശ്മീരിലെ കുപ് വാര, ശ്രീനഗർ, ഗന്ദർബാൽ, ബാരാമുള്ള ജില്ലകളിൽ ഉൾപ്പെടെ കശ്മീർ താഴ്വരകളിലാണ് പരിശോധന നടത്തുന്നത്. സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും കശ്മീർ പൊലീസും സംയുക്തമായി ചേർന്നാണ് പരിശോധന.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുള്ള, ജെയ്ഷെ മുഹമ്മദ്, ഐഎസ് ഭീകരസംഘടനകളുമായി ബന്ധമുള്ള ആളുകളെ ലക്ഷ്യമിട്ടാണ് പരിശോധന നടക്കുന്നത്. ഇവർക്ക് ഭീകരരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന വിവിധ സംസ്ഥാനങ്ങളിലും പരിശോധന പുരോഗമിക്കുന്നു. വനാതിർത്തികളിലും സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടന്ന ഓപ്പറേഷനിൽ ആറ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.















