ന്യൂഡൽഹി: ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ വിടുവായത്തത്തിന് പ്രവൃത്തിയിലൂടെ ഭാരതത്തിന്റെ മറുപടി. മേഘാലയ – അസം ദേശീയപാതയുടെ നിർമാണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. 167 കിലോമീറ്റർ ദൈർഘ്യമുള്ള പാത യാഥാർത്ഥ്യമാകുന്നതോടെ ബംഗ്ലാദേശിനെ ഒഴിവാക്കി മ്യാന്മാറിലൂടെ മാരിടൈം ഇടനാഴി സാധ്യമാകും.
രാജ്യസുരക്ഷയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് നിർദ്ദിഷ്ട ദേശീയപാത. മേഘാലയുടെ തലസ്ഥാനമായ ഷില്ലോംഗിൽ നിന്നും ആരംഭിച്ച് മണിപ്പൂർ, മിസോറാം എന്നി സംസ്ഥാനങ്ങളിലൂടെ കടന്ന് അസാമിലെ സിൽച്ചറിൽ അവസാനിക്കുന്ന തരത്തിലാണ് പാതയുടെ രൂപകൽപ്പന. വടക്ക് കിഴക്കൻ മേഖലയിൽ ആദ്യ അതിവേഗ ഇടനാഴിയാണിത്. 22,000 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. 2030 ഓടെ നാലുവരി പാത പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റിയും ഉപരിതല ഗതാഗത വകുപ്പും അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഏക പ്രവേശന കവടമാണ് പശ്ചിമബംഗാളിലെ സിലിഗുരി ഇടനാഴി. ചിക്കൻ നെക്ക് എന്നാണ് പാത അറിയപ്പെടുന്നത്. വ്യാപാരം, വാണിജ്യം, ടൂറിസം എന്നീ ആവശ്യങ്ങൾക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. . രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് കരമാർഗമുള്ള സൈനിക നീക്കവും ഇതുവഴിയാണ്. ഇതിന് ബദലാകാനും പുതിയ ദേശീയ പാതയ്‌ക്ക് കഴിയും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരക്കുടുക്കിൽ ( കരയാൽ ചുറ്റപ്പെട്ടത്) തുടരുന്ന മേഖലയെന്നായിരുന്നു ചൈനയിലെ വച്ച് യൂനസിന്റെ പരാമർശം. മേഖലയിലൂടെ ചൈന വ്യാപാര ഇടനാഴി നടപ്പാക്കണമെന്നും ഞങ്ങൾ സഹായിക്കാമെന്നുമുള്ള തരത്തിൽ അങ്ങയേറ്റം വിദ്വേഷകരമായ പ്രസ്താവനയും യൂനുസ് നടത്തിയിരുന്നു. അന്ന് വാക്കുകൾ കൊണ്ടുള്ള ശക്തായ മറുപടി ഭാരതം യൂനുസിന് നൽകിയിരുന്നു. പിന്നാലെയാണ് പുതിയ പാതയുടെ പ്രഖ്യാപനവും.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പ്രഥമ പരിഗണനയാണ് മോദി സർക്കാർ നൽകുന്നത്. വളരെ കുറച്ച് ജനസംഖ്യയുള്ള, ലോക്സഭയിൽ കുറഞ്ഞ പ്രാതിനിധ്യമുള്ള പ്രദേശം എന്ന നിലയിൽ കോൺഗ്രസ് ഭരണകൂടങ്ങൾ രാഷ്‌ട്രീയ അയിത്തം കൽപ്പിച്ചിരുന്ന മേഖലയായിരുന്നു ഇത്. ഇതാണ് ചൈനയും ബംഗ്ലാദേശും മുതലെടുത്തത്. പുതിയ ദേശീയപാത കൂടി യാഥാർത്ഥ്യമാകുന്നതോടെ മേഖല സാക്ഷ്യം വഹിക്കുക വികസന കുതിപ്പിനാണ്.















