മുംബൈ: പാകിസ്താനെ പിന്തുണയ്‌ക്കുന്ന തുര്‍ക്കിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഐഐടി ബോംബെയും. തുർക്കി സര്‍വകലാശാലകളുമായുള്ള കരാറുകൾ ഐഐടി ബോംബെ റദ്ദാക്കി. നിലവിലെ ഭൗമരാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുർക്കി സർവകലാശാലകളുമായുള്ള കരാറുകൾ റദ്ദാക്കിയതായി ഐഐടി ബോംബെ എക്സിലൂടെ അറിയിച്ചു.
രാഷ്‌ട്ര താൽപ്പര്യത്തിനൊപ്പം ബോംബെ ഐഐടി നിലകൊള്ളുന്നു എന്ന സന്ദേശം നൽകി കൊണ്ടാണ് നടപടി. സ്റ്റുഡന്റ് എക്സ്ചേഞ്ച്, ഫാക്കൽറ്റി എക്സ്ചേഞ്ച്, കൾച്ചറൽ എക്സ്ചേഞ്ച്, ഗവേഷണം, സംയുക്ത പ്രോജക്ടുകൾ എന്നീ മേഖലകളിൽ ഐഐടിയും തുർക്കിയിലെ വിവിധ സ്ഥാപങ്ങളും തമ്മിൽ കരാറുണ്ടാക്കിയിരുന്നു. ജെഎൻയു, ജാമിയ മിലിയ, കാൺപൂർ യൂണിവേഴ്സിറ്റി, പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇതിനോടകം തുർക്കിയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്താനെ പിന്തുണച്ച് തുർക്കി രംഗത്തെത്തിയിരുന്നു. പാകിസ്താൻ ഇന്ത്യയ്‌ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ തുർക്കിയുടെതാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നിരുന്നു. കൂടാതെ പാക് സൈന്യത്തിന് തുർക്കിയിൽ നിന്ന് സഹായം കിട്ടിയിരുന്നു എന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ടര്‍ക്കിഷ് മാദ്ധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു