കോഴിക്കോട്: നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ ഉണ്ടായ തീപ്പിടുത്തത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്നു ബിജെപി.
അഞ്ചു മണിക്കൂർ പരിശ്രമിച്ചിട്ടും തീയണക്കാൻ സാധിക്കാത്തത് സർക്കാർ സംവിധാനങ്ങൾ അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിക്കാത്തതുകൊണ്ടാണെന്ന് ബിജെപി സിറ്റി ജില്ല പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു. ഇക്കാര്യത്തിൽ തീപിടിച്ചു താനേ അണഞ്ഞു എന്നതിൽ അപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാനായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബസ് സ്റ്റാൻഡും റോഡും ഉൾപ്പെടെ മൂന്ന് ഭാഗവും തുറസായ സ്ഥലത്തെ ഒന്നാം നിലയിൽ തീപടർന്നിട്ടും അഗ്നി ശമന സേനയ്‌ക്ക് ഒന്നും ചെയ്യാൻ സാധിക്കാത്തത് സർക്കാർ ഫയർ സ്റ്റേഷനുകളിൽ അത്യാധുനിക സംവിധാനങ്ങളോ ആവശ്യത്തിന് വാഹനങ്ങൾ നൽകാത്തതുകൊണ്ടുമാണ്. മിട്ടായിതെരുവ് തീപ്പിടുത്തത്തിൽ നിന്നും മെഡിക്കൽ കോളേജ് തീപ്പിടുത്തത്തിൽ നിന്നും സർക്കാർ പാഠം പഠിച്ചിരുന്നെങ്കിൽ ഈ തീപ്പിടിത്തം നിയന്ത്രിക്കാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.