അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സ്ഥിതിചെയ്യുന്ന പ്രധാന തീർത്ഥാടനകേന്ദ്രമായ സുവർണ ക്ഷേത്രത്തിന് നേരെയും പാകിസ്താൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് കണ്ടെത്തൽ. ക്ഷേത്രം ലക്ഷ്യമാക്കി വന്ന പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമസേന തകർത്തു. പാകിസ്താന്റെ എല്ലാ ശ്രമങ്ങളും ഇല്ലാതാക്കിയതായി വ്യോമ പ്രതിരോധസേനയിലെ 15-ാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കാർത്തിക് പറഞ്ഞു.
സുവർണക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും ജനവാസകേന്ദ്രങ്ങളും പാകിസ്താൻ ലക്ഷ്യമിട്ടതായും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും സൈന്യം മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ ക്ഷേത്രത്തിന് സമീപം നിരീക്ഷണം ശക്തമാക്കുകയും മുന്നൊരുക്കങ്ങൾ തയാറാക്കുകയും ചെയ്തിരുന്നു. സുവർണക്ഷേത്രത്തിന് നേരെ പാകിസ്താൻ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനാൽ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സുവർണക്ഷേത്രം ലക്ഷ്യമിട്ടുള്ള എല്ലാ ഡ്രോണുകളും മിസൈലുകളും സൈന്യം വെടിവച്ചിട്ടു. മെയ് എട്ടിനാണ് അമൃത്സറിലെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയത്. ജനവാസ മേഖലകളായിരുന്നു ലക്ഷ്യം. ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ തുടർച്ചയായി പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.