ഐപിഎൽ 18-ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. മൂന്നുപേർ യോഗ്യത നേടി. രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബിന്റെ ജയം അവരുടെയും ആർ.സി.ബിയുടെയും ഗുജറാത്തിന്റെയും യോഗ്യത ഉറപ്പാക്കി. ഇവരിൽ ആരാകും ഒന്നാമനെന്ന് അറിയേണ്ടതേയുള്ളു. അതേസമയം പ്ലേ ഓഫിൽ ശേഷിക്കുന്ന നാലാം സ്ഥാനത്തിന് വേണ്ടി കാത്തിരിക്കുന്നത് മൂന്നുപേരാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയൻ്റ്സ്
14 പോയിന്റുള്ള മുംബൈക്ക് ഗുജറാത്തിന്റെ ജയം വലിയ തിരിച്ചടിയാണ് നൽകിയത്. എന്നാൽ അവരുടെ റൺറേറ്റ് മികച്ചതായതിനാൽ വലിയൊരു പ്രതീക്ഷയാണ്. അതേസമയം ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാൽ മുംബൈക്ക് ആരെയും ആശ്രയിക്കാതെ പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാം. അതേസമയം ഒരു മത്സരമാണ് ജയിക്കുന്നതെങ്കിൽ അത് ഡൽഹിക്കെതിരെയാകണം. കാരണം എൽഎസ്ജിക്ക് മുംബൈയുടെ റൺറേറ്റ് മറികടക്കാൻ കാര്യമായി പണിയെടുക്കേണ്ടിവരും.
ബുധനാഴ്ചയാണ് ഡൽഹിയും മുംബൈയും ഏറ്റുമുട്ടുന്നത്. ഇതിൽ ഡൽഹി വിജയിച്ചാൽ പഞ്ചാബിനെതിരെയുള്ള വിജയവുമായി അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഇല്ലെങ്കിൽ ലക്നൗ ശേഷിക്കുന്ന മൂന്നു മത്സരവും ജയിക്കാതിരിക്കാൻ പ്രാർത്ഥിക്കേണ്ടിവരും. ഡൽഹിക്ക് നിലവിൽ 13 പോയിന്റാണുള്ളത്. 10 പോയിന്റുള്ള ലക്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണണമെങ്കിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കണം. ഇന്ന് ഹൈദരാബാദിനെതിരെയാണ് അവരുടെ 12-ാം മത്സരം. എല്ലാ മത്സരവും നല്ല മാർജിനിൽ തന്നെ ജയിക്കേണ്ടിവരും.