ജറുസലേം: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിംഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക കൈമാറിയത് പോലെ പാകിസ്താനിലെ ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള കൊടും ഭീകരരെ ഇന്ത്യയ്‌ക്ക് കൈമാറണമെന്നും ജെ പി സിംഗ് പറഞ്ഞു.
“മതത്തിന്റെ പേരിൽ ജനങ്ങളെ കൊന്നൊടുക്കി. കൊലപ്പെടുത്തുന്നതിന് മുമ്പ് അവർ ആളുകളോട് മതം ചോദിച്ചു. നിരപരാധികളായ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഭീകരാക്രമണങ്ങൾക്കും അവരുടെ അടിസ്ഥാനസൗകര്യങ്ങൾക്കും എതിരെയായിരുന്നു ഇന്ത്യയുടെ നടപടി. എന്നാൽ പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാണ് പ്രതികാരം വീട്ടിയത്”
“ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോഴും തുടരുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് വ്യക്തമായി. ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരും. ഭീകരർ എവിടെയാണെങ്കിലും ആ ഭീകരരെ കൊല്ലുകയും അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യും. പാകിസ്താനിൽ നിന്നും ഉയരുന്ന പ്രകോപനങ്ങൾക്കെതിരെ ഇന്ത്യ ഇപ്പോഴും പോരാടുന്നുണ്ട്”.
കഴിഞ്ഞ നിരവധി വർഷങ്ങളായി ഇന്ത്യ പാകിസ്താനിലേക്ക് വെള്ളം എത്തിക്കുന്നു. എന്നാൽ പാകിസ്താൻ ചെയ്തത് എന്താണ്. ഇന്ത്യക്കെതിരെ ആക്രമണം നടത്താനും ഭീകരത വളർത്താനുമാണ് ശ്രമിച്ചത്. ഭീകരത അവസാനിപ്പിക്കണം. അതിർത്തി കടന്നുള്ള ഭീകരത പാകിസ്താൻ അവസാനിപ്പിച്ചേ മതിയാവൂ. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ, ലഷ്കർ ഭീകരർ പാകിസ്താനിൽ സ്വതന്ത്ര്യമായി വിഹരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.